മാലിന്യ സംസ്കരണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മാലിന്യ സംസ്കരണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന വൃത്തി കോൺക്ലേവ് 2025 വേദിയിലാണ് അവാർഡ് പ്രഖ്യാപിച്ചത്. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന് കുടുംബശ്രീ CDS സംവിധാനം ഏറ്റെടുത്തു വിജയിപ്പിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സുസ്ഥിരമായ ശാസ്ത്രീയ മാലിന്യ പരിപാലനം എന്ന ലക്ഷ്യത്തിലുപരി മാലിന്യ സംസ്കരണത്തോടുള്ള അനുകൂല മനോഭാവവും ശീലങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുക എന്ന മഹത്തായ ഒരാശയമാണ് ലക്ഷ്യമിട്ടിയിരുന്നത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ഈ ലക്ഷ്യത്തിനായി കുടുംബശ്രീ സിഡിഎസ് സംവിധാനം 100% നീതിപുലർത്തി ഗ്രാമപഞ്ചായത്തിന് ഒപ്പം നിലകൊണ്ടു.
തൃക്കുന്നപ്പുഴ സിഡിഎസിന് കീഴിലുള്ള അയൽക്കൂട്ടങ്ങളുടെ രജിസ്ട്രേഷൻ വിവിധ വായ്പകൾക്കുള്ള സാക്ഷ്യപത്രങ്ങൾ അഫിലിയേഷൻ പുതുക്കൽ തുടങ്ങിയവയ്ക്കെല്ലാം ഹരിതകർമ്മ യൂസഫി ഒടുക്കിയ രസീത് നിർബന്ധമാക്കി. അയൽക്കൂട്ടത്തിലെ എല്ലാ അംഗങ്ങളുടെ വീട്ടിലും മാലിന്യം തരംതിരിക്കുന്നു എന്ന് ഉറപ്പുവരുത്തി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരു ശുചിത്വ വോളണ്ടിയർ തിരഞ്ഞെടുത്തു. എല്ലാ വീടുകളിൽ നിന്നും അജൈവമാലിന്യം കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ട് എന്ന് ശുചിത്വ വോളണ്ടിയർമാർ റിപ്പോർട്ട് ചെയ്തു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ എ.ഡി.എസ് നിയോഗിച്ച ടീമുകൾ അയൽക്കൂട്ടങ്ങളെ ഗ്രേഡ് ചെയ്തു.അയൽക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മാലിന്യം വലിച്ചെറിഞ്ഞിട്ടുള്ളത് അല്ലെങ്കിൽ കത്തിക്കുന്നതോ ആയ പ്രദേശം കൃത്യമായ റിപ്പോർട്ട് ചെയ്യുന്നതിന് അയൽക്കൂട്ടം അംഗങ്ങളെ പരിശീലിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന് ആവശ്യമായ ഹരിത കർമ്മ സേന അംഗങ്ങളെ എഡിഎസ് തലത്തിൽ തിരഞ്ഞെടുക്കുകയും അവർക്ക് ആവശ്യമായ പരിശീലനം കുടുംബശ്രീ മുഖേന നൽകുകയും ചെയ്തുവരുന്നു. കുടുംബശ്രീ മുഖേന 17 വാർഡുകളിലെ 34 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ 7 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകി ലൈസൻസ് ലഭ്യമാക്കി.തുണിസഞ്ചി നിർമ്മാണത്തിന് ഹരിത കർമ്മ സേന തയ്യൽ യൂണിറ്റിന് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് നടത്തുന്ന ഹരിത കർമ്മ സേനയുടെ പ്രതിമാസ അവലോകന യോഗങ്ങളിൽ സിഡിഎസ് ചെയർപേഴ്സൺ സ്ഥിരം ക്ഷണിതാവാണ്.
മാലിന്യ ഉൽപാദനം കുറയ്ക്കുന്നതിന് വേണ്ടി സിഡിഎസിന് കീഴിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ ഭാഗമായി 5500 അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ കർശനമായി ഹരിതചനം പാലിക്കുന്നതിന് നിർദ്ദേശം നൽകുകയും കൃത്യമായി മോണിറ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. കുടുംബശ്രീ ഗ്രീൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പൊതുചടങ്ങുകൾക്ക് വാഴയില സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവ ലഭ്യമാക്കി വരുന്നു.
ബദൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെറുകിട സംരംഭകത്വ യൂണിറ്റുകൾ രൂപീകരിക്കുകയും അതിന്റെ ഭാഗമായി രൂപംകൊണ്ട തയ്യൽ യൂണിറ്റുകൾ തുണിസഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തുവരുന്നു. ശേഖരണ കലണ്ടർ പ്രകാരം ശേഖരിക്കപ്പെടുന്ന തുണിമാലിന്യങ്ങളിൽ നിന്നും ഉപയോഗിക്കാൻ കഴിയുന്ന എല്ലാത്തരം തുണിത്തരങ്ങളും ഉപയോഗിച്ച് തുണിസഞ്ചി മാലിന്യങ്ങൾ കയറ്റി അയക്കുന്നതിനു ഉപകരിക്കുന്ന രീതിയിലുള്ള ചാക്കുകൾ എന്നിവ നിർമ്മിക്കുന്നു. കൂടാതെ ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന മേൽത്തരം കോട്ടൺ തുണികൾ ഉപയോഗിച്ച് കുടുംബശ്രീ ബഡ്‌സ് സ്കൂളിലെ കുട്ടികൾ ചവിട്ടികൾ ഉണ്ടാക്കി വിപണനം ചെയ്യുന്നു.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ സെമിനാറുകൾ, ശില്പശാലകൾ എന്നിവയ്ക്ക് കുടുംബശ്രീ ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിക്കുന്ന പേപ്പർ പേനകൾ വിതരണം ചെയ്യുന്നു. വാർഡു തല മാലിന്യ മുക്ത പ്രഖ്യാപനങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ശുചീകരണ പ്രവർത്തനങ്ങളിൽ ഓരോ വാർഡിൽ നിന്നും രണ്ടെണ്ണം വീതം തോടുകൾ, പൊതുയിടങ്ങൾ എന്നിവ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസിലെ കുടുംബശ്രീ ഹെൽപ്പ് ഡെസ്ക്ക് ഒരു മിനിഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ആയി പ്രവർത്തിക്കുന്നു.
പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് ആഴ്ച ചിന്തകൾ നടത്തിവരുന്നു.
തൃക്കുന്നപ്പുഴ ജംഗ്ഷനിൽ കമ്മ്യൂണിറ്റി ജൈവമാലിന്യ സംസ്കരണ സംവിധാനമായ തുമ്പൂർ മൂഴി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
തൃക്കുന്നപ്പുഴ ജംഗ്ഷനിൽ സാനിറ്ററി കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ച കുടുംബശ്രീ വഴി പ്രവർത്തനം ആരംഭിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ് എന്നിവ നിർമ്മിച്ച് നൽകുന്നതിന് ഗുണഭോക്താക്കളെ കുടുംബശ്രീ എഡിഎസ് വഴി കണ്ടെത്തി നൽകുന്നു നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിശീലനം സിദ്ധിച്ച ഗ്രൂപ്പുകളുടെ സേവനം ലഭ്യമാക്കുന്നു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 4000 വീടുകൾക്ക് ഗാർഹിക ഉറവിട മാലിന്യ സംസ്കരണ ഉപാധികളായ ബിയോബിന്നുകൾ, ജീ ബിന്നുകൾ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. ഇവയുടെ പരിപാലനം കുടുംബശ്രീയുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൃക്കുന്നപ്പുഴ പോലെയുള്ള ഒരു തീരദേശ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മാതൃകാപരമായ ഒരു ജനകീയ ക്യാമ്പയിൻ ഇത്രത്തോളം ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് തൃക്കുന്നപ്പുഴ കുടുംബശ്രീ സിഡിഎസ് സംവിധാനം വളരെ വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്