ഗ്രാമസഭ / വാർഡ് സഭ

🏛️

ഗ്രാമസഭ / വാർഡ് സഭ

ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ എന്ന് കരുതപ്പെടുന്നത്.

ഗ്രാമസഭ / വാർഡ്‌സഭ മെമ്പർ

ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. അതുപോലെ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ്‌സഭയിലെ മെമ്പറാണ്.

ഗ്രാമസഭയുടെ / വാർഡ്‌സഭയുടെ കൺവീനർ

വാർഡ് മെമ്പർമാർ ഗ്രാമസഭകളുടേയും വാർഡ് കൗൺസിലർമാർ വാർഡ് സഭകളുടേയും കൺവീനർമാരാണ്. ഒരു കൺവീനർക്ക് തന്റെ കടമകൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന് സമീപ വാർഡിലെ അംഗത്തെ കൺവീനറായി നിയമിക്കാവുന്നതാണ്.

അദ്ധ്യക്ഷൻ

ഗ്രാമസഭായോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ്‌സഭാ യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സണുമാണ് അദ്ധ്യക്ഷത വഹിക്കുന്നത്. ആവശ്യമായ സാഹചര്യങ്ങളിൽ വൈസ് പ്രസിഡണ്ടോ ഡെപ്യൂട്ടി ചെയർപേഴ്‌സണോ കൺവീനറോ അദ്ധ്യക്ഷത വഹിക്കും.

യോഗം വിളിക്കൽ

യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർ കൂടിയായ വാർഡ് അംഗത്തിൽ നിക്ഷിപ്തമാണ്.

ക്വാറം

ഗ്രാമസഭയുടെ / വാർഡ്‌സഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10% ആണ്. ക്വാറം തികയാതെ മാറ്റിവെച്ച് വീണ്ടും ചേരുന്ന യോഗത്തിന്റെ ക്വാറം 50 ആയിരിക്കും.

പ്രത്യേക യോഗം വിളിക്കാൻ വോട്ടർമാർക്കുള്ള അവകാശം

ഒരു വാർഡിലെ വോട്ടർമാരിൽ 10 ശതമാനത്തിൽ കുറയാത്ത എണ്ണം വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ ഗ്രാമസഭയുടെ / വാർഡ്‌സഭയുടെ ഒരു പ്രത്യേക യോഗം 15 ദിവസത്തിനകം കൺവീനർ വിളിച്ചുകൂട്ടേണ്ടതാണ്.

കോ-ഓർഡിനേറ്റർ

ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി തീരുമാനിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ / വാർഡ് സഭയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കണം. കൺവീനറെ സഹായിക്കുന്നതും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും കോ-ഓർഡിനേറ്ററുടെ ചുമതലയാണ്.

ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ

ഗ്രാമസഭയിൽ / വാർഡ് സഭയിൽ പരിഗണിക്കേണ്ട ചോദ്യങ്ങളും നിർദ്ദേശങ്ങളും യോഗത്തിന് മുമ്പോ യോഗം നടക്കുമ്പോഴോ എഴുതി സമർപ്പിക്കുവാൻ അംഗങ്ങൾക്ക് അവകാശമുണ്ട്.

പ്രമേയങ്ങൾ

ഗ്രാമസഭയുടെ / വാർഡ് സഭയുടെ അധികാരപരിധിയിൽപ്പെട്ട ഏതു പ്രശ്നത്തെക്കുറിച്ചും യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസാക്കാവുന്നതാണ്.

A. പദ്ധതി ആസൂത്രണം, നിർവ്വഹണം

  • വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുക.
  • പദ്ധതികൾക്കും വികസന പരിപാടികൾക്കും നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക.
  • സന്നദ്ധ സേവനം, സാമ്പത്തിക സഹായം, സാമഗ്രികൾ എന്നിവ ലഭ്യമാക്കുക.

B. പൊതുസൗകര്യ പദ്ധതികൾ

  • തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
  • പൊതുജലവിതരണ ടാപ്പുകൾ, കിണറുകൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകുക.
  • ജലസേചനവും മറ്റ് പൊതുസൗകര്യ പദ്ധതികളും സംബന്ധിച്ച് ശുപാർശകൾ നൽകുക.

C. മരാമത്ത് പണികൾ

  • പ്രവൃത്തികളുടെ എസ്റ്റിമേറ്റുകളും ചെലവുകളും സംബന്ധിച്ച വിവരങ്ങൾ അറിയുക.
  • ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  • നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളുടെ വിശദമായ എസ്റ്റിമേറ്റ് വിവരങ്ങൾ ശേഖരിക്കുക.